
20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പാണ്ടിത്തിട്ട പ്രദേശത്ത് താമസിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികൾ അന്ന് നിലവിലുണ്ടായിരുന്ന തലവൂരിലെ പുരാതന ക്രൈസ്തവ ദേവാലയത്തിലാണ് കൂടിവന്ന് ആരാധിച്ചിരുന്നത്. എന്നാൽ തങ്ങളുടെ ആത്മീയ കാര്യങ്ങളും കർമ്മാദികളും അവിടെ തുടർന്നുകൊണ്ടുപോകുന്നത് പലപ്രകാരത്തിൽ ദുഷ്ക്കരമായിക്കൊണ്ടിരു ന്നതിനാൽ പാണ്ടിത്തിട്ട പ്രദേശത്തു തന്നെ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ദേവാലയം നിർമ്മിച്ചു. അന്നത്തെ കൊല്ലം മെത്രാസന ഇടവകയുടെ മെത്രാപ്പോലീത്ത ആയിരുന്ന നി.വ.ദി.ശ്രീ. ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി (പിന്നീട് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ)-യുടെ അനുവാദത്തോടുകൂടി 1915-ൽ ഒരു ഇടവകയായി രൂപീകരിക്കപ്പെട്ടു. കിഴക്കേത്തെരുവ് കുരുമ്പേലിൽ ദിവ്യശ്രീ. തോമസ് കത്തനാരായിരുന്നു ഇടവകയുടെ ആദ്യ വികാരി. ഇടവക രൂപീകരണത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത കോക്കാട്ടുവിളയിൽ (നെടിയാട്ടിൽ) പരേതനായ കോശി ചാകുവനോടും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാ പിതാക്കന്മാരെയും നന്ദിപൂർവ്വം സ്മരിക്കുന്നു. ഒരു ദേവാലയമെന്ന നിലയിൽ പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും തുടക്കം മുതൽ എല്ലാ പ്രവർത്തനങ്ങളും യഥാവിധി നടത്തുവാൻ അതാത് കാലങ്ങളിലുള്ള കുടുംബങ്ങളും ഇടവകയെ നയിച്ചിരുന്ന പിതാക്കന്മാരും ശ്രദ്ധാലുക്കളായിരുന്നു. കാർഷിക വൃത്തിയായിരുന്നു ഇവടകംഗങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം. അഞ്ചോ ആറോ കിലോമീറ്റർ ചുറ്റളവിൽ പാർത്തിരുന്ന കുംടുംബങ്ങൾക്ക് സ്ഥിരമായി ഒരു ദേവാലയം ഉണ്ടാകണം എന്നുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്ക്കാരമാണ് ഇപ്പോൾ നിലവിലുള്ള ദേവാലയം. ഇന്ന് സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴിൽ പരമായും സാംസ്ക്കാരികമായും സഭയിലെ മറ്റ് ഇടവകകളുടെ നിരയിൽ എത്തപ്പെടുവാൻ ഇടയാക്കിയത് ദൈവസന്നിധിയിൽ നമ്മുടെ പ്രാർത്ഥനകളും മദ്ധ്യസ്ഥനായ സ്തേഫാനോസ് സഹദായുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും കൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസവുമാണ്. അതോടൊപ്പംതന്നെ അന്നത്തെ യാത്രാക്ലേശങ്ങളും മറ്റുപരിമിതികളും കണക്കിലെടുക്കാതെ തികഞ്ഞ ആത്മാർത്ഥയോടും അർപ്പണ മനോഭാവത്തോടും ത്യാഗബുദ്ധിയോടും കൂടി ഇടവകയിൽ ശുശ്രൂഷ അനുഷ്ഠിച്ച വന്ദ്യരായ പൂർവ്വ പിതാക്കന്മാരോടുള്ള നന്ദിയും കടപ്പാടും സീമാതീതമാണ്.
2002 ജനുവരി 4, 5 തീയതികളിൽ പരിശുദ്ധ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയു മായിരുന്ന മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ തിരുമനസ്സിലെ പ്രധാന കാർമ്മികത്വത്തിൽ കൂദാശ ചെയ്യപ്പെട്ടതാണ് നിലവിലുള്ള ദേവാലയം. ഇടവകാംഗങ്ങളായ പുത്തൻവീട്ടിൽ റവ. ഫാ. ജേക്കബ് ജോർജ്ജ്, തറയിൽ പുത്തൻവീട്ടിൽ വെരി. റവ. തെയോഫാൻ റമ്പാൻ, തടത്തിവിളവീട്ടിൽ വെരി. റവ. തോമസ് റമ്പാൻ, സിസ്റ്റർ ലേയ എന്നിവർ കർതൃസേവയിൽ മുഴുകിയവരായി മാറുവാൻ ഈ ഇടവകയുടെ ആത്മീയ അന്തരീക്ഷം പ്രേരകമായി ത്തീർന്നിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിലായി പടർന്നുകിടക്കുന്ന സഭാംഗങ്ങൾ ഇടവകയുടെ പുരോഗതിക്ക് വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. നിസ്വാർത്ഥമായ സേവനംകൊണ്ട് വർഷാവർഷം ഇടവകയെ പുരോഗതിയിലേക്ക് നയിക്കുന്ന കർമ്മനിരതരായ ഭരണസമിതികളും അവരോടൊപ്പം ഉയർന്ന് പ്രവർത്തിക്കുന്ന ഇടവകജനങ്ങളുടെ പങ്കാളിത്തവും ദേശവാസികളുടെ നിർലോഭമായ സഹകരണവുമാണ് ഈ ഇടവകയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത്.
Please contact me – Contact
Emergency telephone number:
